---
title: "​പാനൂരിൽ  വികസനപ്രവർത്തനങ്ങൾ സ്തംഭിച്ച മട്ടിൽ ; അവഗണന തുടർന്നാൽ നഗരസഭയ്‌ക്കെതിരെ ജനകീയ പ്രതിഷേധമെന്ന് പാനൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി"
english_title: "Development Stalled In Panoor Municipality Town Muslim League Warns Protest Against Civic Body"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381654/ panoor-development-stalled-town-muslim-league-warns-protest-against-municipality"
published_at: "2026-09-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fb5f69fd38_panoor-development-stalled-town-muslim-league-warns-protest-against.jpg"
keywords: ["Panoor News", "Panoor Municipality", "Muslim League"]
---

# ​പാനൂരിൽ  വികസനപ്രവർത്തനങ്ങൾ സ്തംഭിച്ച മട്ടിൽ ; അവഗണന തുടർന്നാൽ നഗരസഭയ്‌ക്കെതിരെ ജനകീയ പ്രതിഷേധമെന്ന് പാനൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി

> **Lead Summary:** ​പാനൂർ: ​പാനൂർ നഗരസഭാ പരിധിയിലെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് കുറ്റപ്പെടുത്തി പാനൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്ത് വന്നു. നിലവിൽ നഗരസഭയിലും സംസ്ഥാന ഭരണത്തിലും അനുകൂല സാഹചര്യമുണ്ടായിട്ടും പാനൂർ ടൗണിനോടും പ്രാദേശിക വികസനത്തോടും ഭരണസമിതി കാട്ടുന്ന കടുത്ത അനാസ്ഥയും മെല്ലെപ്പോക്കും അംഗീകരിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാനൂരിന് നേരിടേണ്ടി വന്ന ചരിത്രപരമായ അവഗണന പരിഹരിക്കാൻ ബാധ്യതയുള്ള ഭരണകൂടവും നഗരസഭയും ഇപ്പോഴും നിഷ്ക്രിയത്വം തുടരുന്നതിൽ കമ്മിറ്റി കടുത്ത അമർഷവും ആശങ്കയും രേഖപ്പെടുത്തി.

## Article Content

​പാനൂർ: ​പാനൂർ നഗരസഭാ പരിധിയിലെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് കുറ്റപ്പെടുത്തി പാനൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്ത് വന്നു. നിലവിൽ നഗരസഭയിലും സംസ്ഥാന ഭരണത്തിലും അനുകൂല സാഹചര്യമുണ്ടായിട്ടും പാനൂർ ടൗണിനോടും പ്രാദേശിക വികസനത്തോടും ഭരണസമിതി കാട്ടുന്ന കടുത്ത അനാസ്ഥയും മെല്ലെപ്പോക്കും അംഗീകരിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാനൂരിന് നേരിടേണ്ടി വന്ന ചരിത്രപരമായ അവഗണന പരിഹരിക്കാൻ ബാധ്യതയുള്ള ഭരണകൂടവും നഗരസഭയും ഇപ്പോഴും നിഷ്ക്രിയത്വം തുടരുന്നതിൽ കമ്മിറ്റി കടുത്ത അമർഷവും ആശങ്കയും രേഖപ്പെടുത്തി.

​കഴിഞ്ഞ പത്തു വർഷത്തെ ഇടതു സർക്കാരിന്റെ കാലത്ത് കടുത്ത അനാസ്ഥ നേരിട്ട പാനൂർ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ അടിയന്തരമായി ഇടപെടണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസായും റിംഗ് റോഡുകളായും ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണം. നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ട ദുരവസ്ഥ അവസാനിപ്പിച്ച്, എല്ലാ റോഡുകളിലും വെളിച്ചമെത്തിക്കാനുള്ള ഉത്തരവാദിത്തം നഗരസഭ തന്നെ നേരിട്ട് ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

​വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്ന നഗരസഭാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുക, തെരുവുകളിൽ മാലിന്യങ്ങൾ തള്ളുന്നത് തടയുക, ഡ്രെയിനേജുകളിലെ തടസ്സങ്ങൾ നീക്കി ശുചിത്വം ഉറപ്പാക്കുക, പൊതുശൗചാലയങ്ങൾ നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര നടപടി വേണം. കൂടാതെ സുരക്ഷിത പാനൂർ ഉറപ്പാക്കാൻ നഗരത്തിലുടനീളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും ടൗൺ സൗന്ദര്യവൽക്കരിക്കാനും തയ്യാറാകണം.

​സുപ്രീം കോടതി വിധിയും നിയമാവലികളും കാറ്റിൽപ്പറത്തി പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾക്ക് തീറ്റ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പെരുകിവരുന്ന തെരുവ് നായകളുടെ ശല്യം അവസാനിപ്പിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാൻ ഉടൻ തന്നെ ട്രാഫിക് അഡ്വൈസറി യോഗം വിളിച്ചുചേർത്ത് ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കണം.

മുനിസിപ്പാലിറ്റി ആയത് മുതൽ പാനൂർ ടൗണിനോട് കാണിച്ച അവഗണനയ്ക്ക് പരിഹാരമായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകണമെന്നും, ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നഗരസഭയ്ക്കും ഭരണകൂടത്തിനുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

​ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യോഗം റിയാസ് നെച്ചോളി ഉദ്ഘാടനം ചെയ്തു. പി.പി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. റഹീം ടി, എം മുഹമ്മദലി,കെ.വി ഉസ്മാൻ, കരീം ഏരോത്ത്, മജീദ് പാനൂർ, ഷാനി കൊയത്തിൽ, സജീർ പാനൂർ, ജംഷീർ മൊട്ടത്ത് എന്നിവർ സംസാരിച്ചു. റയീസ് കെ.എം സ്വാഗതവും പി.പി ഖാലിദ് നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381654/ panoor-development-stalled-town-muslim-league-warns-protest-against-municipality)